2014 ജൂൺ 13, വെള്ളിയാഴ്‌ച

ഞാൻ സന്തുഷ്ട്ടൻ 



ഞാൻ സ്വാമിജിയുടെ ശിഷ്യനാണ്
മനസിനെ നിയന്ത്രിക്കാൻ പഠിച്ചവൻ
അദേഹത്തോടുള്ള ഭക്തിയല്ലാതെ യാതൊന്നു -
മെന്നെ  കീഴ്പ്പെടുത്തിയില്ല ,

ഇന്നാണ് എന്റെ കല്യാണം
നീലിമയിലെ സൗന്തര്യത്തെയും ജയിച്ചവൻ ഞാൻ .

ഇന്നാണ് ജാരന്റെ ഒന്നാം പിറന്നാൾ
എന്റെ കൈകളുടെ കുതിപ്പിൽ അവളുടെ ഉടയാടകൾ കീറിപ്പോയി
ഇന്നാണ് അവന്റെ  മരണ ദിനവും .

ഇന്നു രാത്രിയും ഞാൻ സന്തുഷ്ട്ടനാണ് ഗുരുദേവാ -
എന്റെ മനസിനെ കീഴടക്കിയ അങ്ങയേയും ഞാൻ
                                                                             ജയിച്ചിരിക്കുന്നു .



2014 ജൂൺ 2, തിങ്കളാഴ്‌ച

സ്ഥായി 


വിരസമായ ജീവിതത്തിന്റെ സാധകം പോലെ ദിവസങ്ങൾ
പരസ്പരം പുൽകി രാത്രിയും പകലും കൊഴിഞ്ഞു
ആദ്യത്തിലും അന്ത്യത്തിലും സുമംഗലി കുങ്കുമചെപ്പു തുറന്നു
കളിമണ്ണ് കൊണ്ടുള്ള വീട് തകർന്നപ്പോൾ ഞാൻ -
കുഞ്ഞിനെപോൽ വാവിട്ടു കരഞ്ഞു
എങ്ങലൊടുങ്ങിയപ്പോൾ വീണ്ടും പുതിയ വീടിന്റെ പണി തുടങ്ങി .

യുദ്ധകാണ്ഡം 


രക്തപങ്കിലമായ രണാങ്കണംവിട്ട്  സൂര്യൻ
സ്നാനഘട്ടത്തിലേക്ക് പോയി
രണഭൂമിയിലെ വ്യഥകളുമായി
പടയാളികൾ സ്വഗൃഹങ്ങളിലേക്കും
ദിനാന്ത്യത്തിന്റെ താൽകാലിക വിജയമാസ്വതിക്കാൻ
കുബേര അന്തപുരങ്ങൾ ചഷകങ്ങൾ നിറച്ചു
തൂക്കുമരം കാത്തുനിൽക്കുന്നവന്റെ തലയിണ ന്നനഞ്ഞു
ചുവന്ന കൊടിയുമായി വന്ന ആദിത്യനു മുൻപുള്ള -
ശാന്തതക്ക് മാത്രം അല്പായുസ്സായി
വീണ്ടും വിധി തേർ തെളിച്ചു .

അവ്യക്ത പ്രണയം


ഞങ്ങളുടെ പ്രണയം മൂകമായിരുന്നു
അതിലേറെ അന്ധവും
കാലദേശങ്ങൾക്ക് അതീതമായി  ഞങ്ങൾ പ്രണയിച്ചു.
കാമത്തിന്റെ ചെവികൾക്കത്  കേൾക്കാൻ കഴിഞ്ഞില്ല
ജീവിത വ്യാകരണങ്ങൾ തെറ്റിച്ച പ്രണയം
കവികൾ കണ്ടെടുത്തു
ചിത്രകാരന്റെ വരകളിൽ ജനത്തിന് വേണ്ട-
നിമ്നോന്നതലങ്ങൾ തെളിഞ്ഞു വന്നില്ല
എന്റെ വരികളും വാക്കുകൾ തിരഞ്ഞ്

നിശബ്ദതയിൽ അവസാനിച്ചു…

ബോധി വൃക്ഷം 


 പഠനകാലത്തെ തിരക്കിന്റെ ശബ്ദം
എന്നെ ഒന്നും പഠിപ്പിച്ചില്ല
ആശുപത്രി കിടക്കയിലെ വിരസതയുടെ മൗനം
എന്നെ പഠിപ്പിച്ചു ,ഒരു ചെറു ജീവിതം .

ശകുനം 


പല്ലി ചിലച്ചു ,കാക്ക കരഞ്ഞു
എല്ലാ ശബ്ദവും  ശകുനങ്ങളായി
എന്റെ ശബ്ദം മാത്രം ആരും  കേട്ടില്ല
കാളയെ കണ്ടപ്പോൾ ഒരു ശബ്ദം -
  തൊണ്ടയിൽ കുരുങ്ങി
അങ്ങിനെ എന്റെ ശബ്ദവുമവർ കേട്ടു ,
മരണത്തിന്റെ ശകുനം ..

പുത്രൻ 


അച്ഛനും അമ്മയും മുറ്റത്തൊരു വാഴ നട്ടു
ദിനവും അമ്മ വെള്ളമൊഴിച്ചു
അച്ഛൻ കളകൾ പറിച്ചു
അതിന്റെ വളർച്ചയിൽ അവർ കൗതുകം പൂണ്ടു
വളരാനും മുരടിക്കാനും അവകാശമുള്ള വാഴ
പക്ഷെ ,ഒരു കാറ്റിൽ ഒടിഞ്ഞു വീഴുമെന്ന്  കരുതിയില്ല 

ലഹരി 


അച്ഛന് ലഹരി മരുന്നാണ്
ചെണ്ടക്കാരന്റെ കോലൊടിഞ്ഞു
കോമരത്തിന്റെ താളം പിഴച്ചു
ഇരുട്ടിലെ അപശബ്ധങ്ങൾ -
മനസിലാവാതെ ജനം തൊഴുതു നിന്നു .
ദൈവം മാത്രം പേടിച്ച് ഒരു മൂലയിൽ
അരങ്ങൊഴിഞ്ഞപ്പോൾ തടവറയുടെ ഇരുട്ടിൽ
എലിയുടെ തേങ്ങലുകൾ ....

ഞാൻ 


എന്റെ ചിതക്ക്‌ തീ വയ്ക്കുന്നതും ഞാൻ
എന്റെ ശ്രാദ്ധത്തിനൂട്ടുന്നതും ഞാൻ
എനിക്ക് ബലിയും ഞാൻ
ഞാൻ ഇല്ലാതിരുന്നത് കുറച്ചു സമയം മാത്രം
ഞാൻ ജീവിച്ചിരുന്നപ്പോൾ .

കേരളം 


കള്ളിന് ലഹരി കുറയുനെന്നു
ഗവണ്മെന്റിന് പരാതിയയച്ചു ,
നാളെ മുഴുക്കുടിയനായ മകനെതിരേയും .

ഇന്നാണ് അച്ഛന്റെ ഓർമദിനം
മനസിലെ കല്ലറയ്ക്ക് ഓർമകളുടെ  കല്ലേറ്കൊണ്ടു .

ഇന്നെനിക്കൊരു കുഞ്ഞു പിറന്നു, ഒരാണ്‍കുഞ്ഞ്.

രക്തസാക്ഷി 


എന്റെ ചുടുരക്തമൂർന്നരണഭൂമിയെ ചുംബിച്ച്
                                                    സഖാക്കൾ നടന്നകന്നു ,
രക്തം കുടിച്ച വ്യാക്രങ്ങൾ ഇഴയുന്ന ഭൂമിയിൽ
ഒന്നിനും കൊള്ളാത്ത ഓർമ വിറങ്ങലിച്ചു കിടന്നു .

മണം 


പ്രണയത്തിന്റെ മണമുള്ള ഒരുപിടി പൂക്കൾകൊണ്ട്-
ഞാൻ എന്റെ ഹൃദയം നിറച്ചു
മുടിയിൽനിന്നും കൊഴിയേണ്ടിയിരുന്നത് -
ഹൃദയത്തിൽ കിടന്നു ചീഞ്ഞളിഞ്ഞു
ഹൃദയം ദുർഗന്ധത്തിന്റെ പാട്ടു പാടി ,
'അവൾക്ക് പ്രണയത്തിന്റെ മണമായിരുന്നു,
പ്രണയത്തിനും മരണത്തിനും ഒരേ മണമാണെന്ന്
എന്നെ പഠിപ്പിച്ചവൾ, അവൾ' ...

 പണ്ഡിതൻ 


ഏകാന്തതയുടെ ചുമരുകൾക്കുള്ളിൽ
വിരസതയുടെ നാട്യം,
മനസിന്റെ ഭാഷ്യം കൊഴിഞ്ഞ മുടികൾ എണ്ണി ,
കൊഴിയാത്തതിനെ എണ്ണി കൊഴിച്ചു ,
തലനരച്ചവൻ സംഖ്യാ പാണ്ടിത്വത്തിൽ
                                                  അഗ്രഗണ്യനായി-
അനന്തതയിൽ തലവച്ച് ഉറക്കമായി .